ദേശീയം
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരില്‍ നേരിയ കുറവ്; മുംബൈയില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്നലെ 6594 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കടന്നു. നിലവില്‍ 50,548 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ 4035 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,61,370 ആയി. രോഗമുക്തി നിരക്ക് 98.67 ശതമാനമാണ്. അതിനിടെ മുംബൈയില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. ബിഎ4, ബിഎ5 എന്നിവയാണ് കണ്ടെത്തിയത്.
ബിഎ4 വകഭേദം ബാധിച്ച മൂന്നു കേസുകളും ബിഎ5 വകഭേദം സ്ഥിരീകരിച്ച ഒരു രോഗിയെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഇതുവരെ ഒമൈക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ച 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 15.6 ശതമാനമാണ്.
തമിഴ്‌നാട്ടില്‍ ഒരാള്‍ക്കും നേരത്തെ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. 2022 ല്‍ ദക്ഷിണാഫ്രിക്കയിലാണ് ബിഎ4, ബിഎ5 വകഭേദങ്ങള്‍ ആദ്യം കണ്ടെത്തുന്നത്. ബിഎ4 വകഭേദം 42 രാജ്യങ്ങളിലും ബിഎ5 വകഭേദം 47 രാജ്യങ്ങലിലും പടര്‍ന്നുപിടിച്ചിട്ടുണ്ട്.