ദേശീയം
രാജ്യത്ത് ഇന്നലെ 7500 ന് മുകളില്‍ കോവിഡ് ബാധിതര്‍; 100 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക്
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 100 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ടിപിആര്‍ 2.26 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് ഏഴായിരത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞദിവസം 7240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്കില്‍ വന്‍ വര്‍ധനവുണ്ടാകുന്നത്.
കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനയാണ് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 36,267 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലും കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 2415 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 796 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 18.2 ശതമാനമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇവരില്‍ ചിലര്‍ക്ക് രോഗം ഗുരുതരമാകുന്നു. ജില്ലയില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന തോതിലാണെന്ന് അവലോകനയോഗം വിലയിരുത്തി.