ദേശീയം
ആശ്വാസം…; രാജ്യത്ത് കൊവിഡ് രോഗികളും മരണവും കുറയുന്നു
രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുറയുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 1.14 ലക്ഷമായി കുറഞ്ഞു. രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.24 മണിക്കൂറിനിടെ രാജ്യത്ത് 1,14,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2667 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
അതേസമയം, പ്രതിദിന പൊസിറ്റിവിറ്റി 5.78 ശതമാനം ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 93.38 ശതമാനം ആയി ഉയരുകയും ചെയ്തു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 80,000 ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 14,77,000 പേരാണ് രാജ്യത്ത് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 22 കോടി 78 ലക്ഷം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.35 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു.