ദേശീയം
രാജ്യത്ത് ഇന്നലെയും 50,000 കൊവിഡ് രോഗികൾ; ചികിത്സയിലുള്ളവർ ആറുലക്ഷത്തിൽ താഴെ,
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. ഇന്നലെ 50,040 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവർ ആറുലക്ഷത്തിൽ താഴെയാണ്. 5,86,403 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്രയും മാരകമാകില്ലെന്ന് ഐസിഎംആർ റിപ്പോർട്ട് വ്യക്തമാക്കുന്നു.അതേസമയം തമിഴ്നാട്ടിൽ ഒൻപത് പേർക്ക് ഡെൽറ്റ് പ്ലസ് വകഭേദം കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നി സംസ്ഥാനങ്ങളിലും ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോകത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.32 ലക്ഷം കടന്നു. അതേസമയം ആകെ പതിനാറ് കോടി അറുപത് ലക്ഷം പേർ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.19 ലക്ഷം പേർ വൈറസ് ബാധ കാരണം മരിക്കുകയും രണ്ട് കോടി എൺപത്തിയൊൻപത് ലക്ഷം പേർ രോഗമുക്തി നേടുകയും ചെയ്തു.