കേരളം
ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്ട്
ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.53 അടിയായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലർട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2382.30 അടിയായി ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആലുവ, പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ.
പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വാണിങ്ങ് ലെവലിലും താഴെയാണ് പെരിയാറിൽ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെ വെള്ളമാണ് നിലവിൽ ഇടുക്കി ഡാമിലുള്ളത്. കഴിഞ്ഞ വർഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു.