ദേശീയം
ഡൽഹിയിൽ കനത്ത മഴ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
രാജ്യ തലസ്ഥാനത്തു കനത്ത മഴ തുടരുന്നു. ഇന്ന് പുലർച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത കനത്ത മഴയെത്തുടർന്ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. ഇടിമിന്നലും മഴയും ജനജീവിതം താളം തെറ്റിച്ചു. ഡൽഹി വിമാനത്താവളത്തിൽനിന്ന് വൈകിട്ട് പുറപ്പെടേണ്ട ആറു വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചു വിട്ടതായും നിരവധി സർവീസുകൾ മുടങ്ങിയതായും അധികൃതർ അറിയിച്ചു.
വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി ബന്ധപ്പെട്ട വിമാനകമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. വിസ്‌താരയുടെ മുംബൈയിൽ നിന്നുള്ള വിമാനവും, അലയൻസ് എയറിന്റെ രണ്ടു വിമാനങ്ങളും ലക്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. എയർ ഇന്ത്യയുടെ വഡോദരയിൽ നിന്നുള്ള വിമാന സർവീസും ഇൻഡിഗോയുടെ ജബല്‍പുരിൽനിന്നും പട്‌നയിൽനിന്നുമുള്ള വിമാന സർവീസുകൾ ജയ്പുർ വിമാനത്താവളത്തിലേക്കും വഴിതിരിച്ചു വിട്ടതായും അധികൃതർ അറിയിച്ചു.
ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും ഇടിമിന്നൽ മൂലം കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗത്തിൽ, ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഡൽഹിയുടെ ചില ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനാൽ റോഡുകൾ തടസ്സപ്പെട്ടു. സാധ്യമെങ്കിൽ ആളുകൾ വീടിനുള്ളിൽതന്നെ തുടരാനും യാത്ര ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.