കേരളം
കരിപ്പൂരിൽ വൻ സ്വർണവേട്ട
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ നിന്നുമായി മുന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
എയർ ഇൻഡ്യ എക്സ് പ്രസ് വിമാനത്തിൽ ഇന്നലെ രാത്രി ദുബായിൽ നിന്നും വന്ന കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടൻ സൽമാനുൽ ഫാരിസിൽ (21) നിന്നും 959 ഗ്രാം സ്വർണമിശ്രിതം പിടികൂടി.
ഇന്ന് രാവിലെ ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴി എത്തിയ മലപ്പുറം സ്വദശികളായ മുന്ന് യാത്രക്കാരിൽ നിന്നുമായി 3505 ഗ്രാം സ്വർണ്ണമിശ്രിതമാണ് പിടിച്ചത്. വള്ളുവമ്പ്രം സ്വദേശിയായ തയ്യിൽ തൊടി നൗഷാദിൽ (37) നിന്നും 1167 ഗ്രാം സ്വർണ്ണമിശ്രിതവും ആമയൂർ സ്വദേശിയായ കൊട്ടകോടൻ ജംഷീർമോനിൽ (36)നിന്നും 1168 ഗ്രാം സ്വർണ്ണമിശ്രിതവും പന്തല്ലൂർ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലാമിൽ (34)നിന്നും 1170 ഗ്രാം സ്വർണ്ണമിശ്രിതവും ആണ് ലഭിച്ചത്.
ഇന്ന് രാവിലെ ദുബായിൽ നിന്നും ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനിൽ (28) നിന്നും 1255 ഗ്രാം സ്വർണ്ണമിശ്രിതവുമാണ് കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്.
പിടികൂടിയ 5 യാത്രക്കാരും സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂളുകൾ വീതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കള്ളകടത്തിന് ശ്രമിച്ചത്. ഈ യാത്രക്കാർക്ക് ടിക്കറ്റ് അടക്കം ഏകദേശം ഒരു ലക്ഷം രൂപ വീതമാണ് കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തശേഷം ഈ കേസുകളിൽ യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്.