കേരളം
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും തൃശൂര്‍ ജില്ലയില്‍ 39°C വരെയും കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38°C വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടുത്ത ചൂടിനിടെ തിങ്കളാഴ്ച മുതല്‍ വേനല്‍മഴ വ്യാപകമാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നേരിയ ആശ്വാസമാകും. നാളെ ഒന്‍പത് ജില്ലകളില്‍ വേനല്‍മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചൊവ്വാഴ്ച സംസ്ഥാനമൊട്ടാകെ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.