Covid 19
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വധ ഭീഷണി; 11 ചാവേറുകള്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന് സന്ദേശം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാന്‍ ചാവേറുകള്‍ തയ്യാറെടുക്കുന്നതായി സന്ദേശം. 11 ചാവേറുകള്‍ ഇരുവരെയും വധിക്കാന്‍ ഒരുങ്ങി കഴിഞ്ഞതായി സിആര്‍പിഎഫിനാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. സുരക്ഷ സേന ഇക്കാര്യം സ്ഥിരീകരിച്ചു. സിആര്‍പിഎഫിന്റെ മുബൈ ആസ്ഥാനത്താണ് ഇ മെയില്‍ സന്ദേശം എത്തിയത്.
യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരുടെ പേരുകള്‍ ഭീഷണി സന്ദേശത്തില്‍ എടുത്ത് പറയുന്നുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. ആരാധനാലയങ്ങള്‍ മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന സൂചനയും സന്ദേശത്തിലുണ്ട്. ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം എവിടെ നിന്നാണ് സന്ദേശം എത്തിയതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 11 ചാവേറുകളുണ്ടെന്ന സന്ദേശത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ വര്‍ഷം ആദ്യം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സമാനമായ രീതിയില്‍ ഒരു ഇമെയില്‍ ലഭിച്ചിരുന്നു.