Connect with us

കേരളം

ഉത്രാവധക്കേസിന്റെ നാള്‍ വഴികളിലൂടെ; അപൂർവ്വങ്ങളിൽ അപൂർവ്വം

കേരളം ഏറെ ഞെട്ടലോടെ കേട്ട കൊലപാതകങ്ങളിലൊന്നായിരുന്നു അഞ്ചലിലെ ഉത്രാവധം. ഘാതകനായത് സ്വന്തം ഭര്‍ത്താവും. പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ച് കൊന്നതായിരുന്നു കേസ്. ഉത്രയുടെ ദാരുണമായ കൊലപാതകം നടന്ന് ഏതാണ്ട് ഒന്നര വര്‍ഷത്തോളം പിന്നിടുമ്പോഴാണ് കേസിലെ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി സൂരജ് കുറ്റക്കാരനെന്നും പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. ജനനിബിഢമായിരുന്നു കോടതി പരിസരം, കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതി മുറിക്കുള്ളിലെത്തിച്ചത്. പതിവുപോലെ തികച്ചും നിർവികാരനായി തന്നെയായിരുന്നു പ്രതി സൂരജ് കോടതിക്കുള്ളിൽ നിന്നിരുന്നത്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. അസാധാരണവും അവിശ്വസനീയവുമായ ഉത്രാ വധ കേസിന്റെ നാള്‍ വഴികളിലൂടെ ഒരിക്കല്‍ കൂടി.

2020 മെയ് 7 ന് കൊല്ലം അഞ്ചലിലെ ഏറത്തു നിന്നുമാണ് അവിശ്വസനീയമായ ഒരു മരണ വാര്‍ത്ത കേരളം കേല്‍ക്കുന്നത്. ഒരു തവണ പാമ്പു കടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയില്‍ വീണ്ടും പാമ്പിന്റെ കടിയേറ്റ് മരിച്ചു എന്നായിരുന്നു ആ വാര്‍ത്ത. പെണ്‍കുട്ടിക്ക് ആയുസ്സ് ഉണ്ടായിരുന്നില്ലെന്ന് സ്വയം ആശ്വസിച്ച് കേരളം അടക്കം പറഞ്ഞ നാളുകള്‍.ഏറം സ്വദേശികളായ വിജയസേനന്റെയും മണിമേഖലയുടെയും ഇരുപത്തിമൂന്നുകാരിയായ മകള്‍ ഉത്രയാണ് മരണപ്പെട്ടത്. കുഞ്ഞിനോടൊപ്പം സ്വന്തം വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്ന ഭര്‍ത്താവ് സൂരജിന്റെ പ്രചാരണത്തില്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല.

എന്നാല്‍, ഉത്രയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതോടെ പാമ്പു കടിച്ചുവെന്ന സൂരജിന്റെ കഥയില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മരണാനന്തര ചടങ്ങുകളിലെ സൂരജിന്റെ അമിതാഭിനയമാണ് ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചത്. പാമ്പുകളോടുളള സൂരജിന്റെ ഇഷ്ടത്തെ കുറിച്ചുളള ചില സൂചനകളും കൂടി കിട്ടിയതോടെ കുടുംബം പോലീസിനെ സമീപിച്ചു. ശേഷം ചുരുളഴിഞ്ഞത് കേരളത്തെ ഞെട്ടിച്ച ക്രൂരകൃത്യത്തിലേക്കാണ്.അഞ്ചല്‍ പോലീസിനെയാണ് ഉത്രയുടെ കുടുംബം ആദ്യം സമീപിച്ചിരുന്നത്. പക്ഷേ, ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ദിശ മാറുന്നെന്ന് സംശയം ഉയര്‍ന്നതോടെ ഉത്രയുടെ കുടുംബം അന്നത്തെ കൊട്ടാരക്കര റൂറല്‍ എസ് പി ഹരിശങ്കറിനു മുന്നില്‍ പരാതിയുമായി നേരിട്ടെത്തി. മികച്ച കുറ്റാന്വേഷകന്‍ എന്ന പേരു കേട്ട ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ പുതിയ സംഘം കേസ് അന്വേഷണം ഏറ്റെടുക്കുന്നത് ഇപ്രകാരമായിരുന്നു.

ഉത്രയുടെ കുടുംബത്തിന്റെ സംശയം ശരിവച്ചു കൊണ്ട് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലും അറസ്റ്റും തുടര്‍ന്നു നടന്നു. പാമ്പുപിടുത്തക്കാരനില്‍ നിന്ന് പണം കൊടുത്തു വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചു കൊല്ലുകയായിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ നടുക്കത്തോടെയാണ് കേരളം കേട്ടത്. സൂരജും,സഹായിയായ പാമ്പു പിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷും ആദ്യം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. പക്ഷേ സ്വന്തം ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന മൊഴി മുഖവിലയ്‌ക്കെടുത്ത കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കി.

ഉത്രവധക്കേസ് കേരളത്തിലെ അസാധാരണ കേസുകളില്‍ ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തുക എന്ന കുറ്റകൃത്യം മലയാളിക്ക് കേട്ടുകേള്‍വി ഇല്ലാത്തതായിരുന്നു. എന്നാല്‍, മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയെ ഇല്ലാതാക്കാന്‍ സൂരജ് എന്ന യുവാവ് അത് സമര്‍ത്ഥമായി നടപ്പിലാക്കി. കേരളാ പോലീസിനെയും ഏറെ കുഴപ്പിച്ച കേസാണ് ഉത്ര വധക്കേസ്. പാമ്പു കടി മരണമെന്ന നിലയില്‍ തുടങ്ങിയ കേസന്വേഷണം, കൊലപാതകമെന്ന് തെളിഞ്ഞതോടെ തെളിവുകള്‍ കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിനായി ശാസ്ത്രീയ വഴികളിലൂടെയായിരുന്നു പോലീസ് അന്വേഷണം.

ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു ഉത്ര വധക്കേസില്‍ പോലീസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തല്‍ കോടതിക്കു മുന്നില്‍ തെളിയിക്കാന്‍ ഡമ്മി പരിശോധന എന്ന ആശയമാണ് പോലീസ് നടപ്പാക്കിയത്. യഥാര്‍ഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഉത്ര വധക്കേസിലെ സുപ്രധാനമായ തെളിവായി കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ താന്‍ കൊന്നുവെന്നായിരുന്നു പോലീസിനു മുന്നിലെ സൂരജിന്റെ കുറ്റസമ്മത മൊഴി. പക്ഷേ ഈ മൊഴി മാത്രം കൊണ്ട് കോടതിക്ക് മുന്നില്‍ സൂരജ് ചെയ്ത കുറ്റം തെളിയിക്കാനാവില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.

പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യപൂര്‍വ്വമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൊല്ലം മുന്‍ റൂറല്‍ എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.സ്വാഭാവികമായി പാമ്പുകടിയേറ്റാല്‍ ഉണ്ടാകുന്ന മുറിവുകളല്ല ഉത്രയുടെ ശരീരത്തില്‍ കണ്ടത്. പാമ്പിന്റെ തലയില്‍ പിടിച്ച് കടിപ്പിക്കുമ്പോള്‍ മുറിവിന്റെ ആഴം വര്‍ധിക്കും. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി കിടത്തിയ ശേഷം മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലത് കയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച് അതില്‍ പാമ്പിനെ കൊണ്ട് കടുപ്പിച്ച് മുറിവിന്റെ ആഴം കണ്ടെത്തി. പാമ്പിന്റെ പത്തിയില്‍ പിടിച്ച് കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ അകലുന്നതും വ്യക്തമായി.

150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തില്‍ സാധാരണ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാല്‍ മാത്രമേ ഇത്രയും വലിയ പാടുകള്‍ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. ഉത്രാ വധക്കേസിലെ പ്രതി സൂരജിന് ഒരിക്കല്‍പോലും താന്‍ നടത്തിയ ക്രൂരകൃത്യത്തില്‍ പശ്ചാത്താപം വന്നിട്ടുണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. സൂരജ് ക്രിമിനല്‍ മനസ്സിനുടമയാണെന്നാണ് പോലീസ് പറയുന്നത്. വളരെ കൃത്യമായി കുറ്റം ഒളിപ്പിക്കാനും കള്ള മൊഴികള്‍ നല്‍കാനും പ്ലാന്‍ ചെയ്യാനും കഴിയുന്ന ക്രിമിനല്‍ മനസ്സിന്റെ ഉടമയാണ് സൂരജ് എന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Also read: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തിരുന്നു. സര്‍പ്പശാസ്ത്രജ്ഞരും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, മൃഗസംരക്ഷണ വകുപ്പിലെയും ഫൊറന്‍സിക് വിഭാഗത്തിലെയും വിദഗ്ധരായ ഡോക്ടര്‍മാരും അടങ്ങുന്ന സംഘവും ഡമ്മി പരിശോധനയിലൂടെ പോലീസ് നടത്തിയ കണ്ടെത്തലുകളും കേസില്‍ ഏറെ നിര്‍ണായകമായി.

കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെ

2018 മാര്‍ച്ച് 25- ഉത്രയുടേയും സൂരജിന്റേയും വിവാഹം

2020 മാര്‍ച്ച് 2- അടൂരിലെ വീട്ടില്‍ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നു

2020 മാര്‍ച്ച് 2- 2020 ഏപ്രില്‍ 22- ഉത്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

ഏപ്രില്‍ 22- ആശുപത്രിയില്‍ നിന്ന് അഞ്ചലുള്ള ഉത്രയുടെ വീട്ടിലേക്ക്

മെയ് 6- വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്

മെയ് 7- ഉത്രയുടെ മരണം

മെയ് 7- അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

മെയ് 12- പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം

മെയ് 19- റൂറല്‍ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി

മെയ് 25- സൂരജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്

ജൂലൈ 30- മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന

ഓഗസ്റ്റ് 14- അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

2021 ഒക്ടോബര്‍ 4- അന്തിമ വിചാരണ പൂര്‍ത്തിയായി

ഒക്ടോബര്‍ 11- പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ 13 ന് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version