കേരളം
കരുവന്നൂര്‍: വായ്പ അടച്ചിട്ടും ആധാരം തിരികെ കിട്ടിയില്ലെന്ന് പരാതി, ഇഡിയോട് നിലപാട് തേടി ഹൈക്കോടതി
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇഡിയോട് നിലപാട് തേടി. ബുധനാഴ്ചയ്ക്കകം നിലപാട് അറിയിക്കണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. എതിര്‍പ്പ് ഉണ്ടെങ്കില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ ഇഡിയുടെ പക്കലാണെന്ന് കരുവന്നൂര്‍ ബാങ്ക് ഭരണസമിതി അറിയിച്ചതിനെത്തുടർന്നാണ് നടപടി.
അതേസമയം, കരുവന്നൂർ ബാങ്കിന് സാമ്പത്തിക സഹായം നൽകാനുള്ള കേരള ബാങ്ക് നീക്കത്തിന് എതിരെ ബിജെപി രംഗത്തെത്തി. കേരളാ ബാങ്കിന്റെ പണം എടുത്തല്ല കരുവന്നൂർ ബാങ്കിനെ സഹായിക്കേണ്ടത്. കരുവന്നൂർ ബാങ്കിൽ പണം നഷ്ടമായവർക്ക് സിപിഎമ്മാണ് പണം നൽകേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കരുവന്നൂരിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ സിപിഐഎം കേരള ബാങ്കിന്റെ സഹായം തേടുന്നതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.
കരുവന്നൂരിലും കണ്ടലയിലും നടന്നത് കൊള്ളയാണ്. എം കെ കണ്ണന്റെ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത് കണ്ണൂർ ലോബിയുടെ പണമാണെന്നും, സിപിഐഎമ്മും യുഡിഎഫും അഴിമതിക്കായി സഹകരണ സ്ഥാപനങ്ങളെ ഉപയോഗിച്ചതായും സുരേന്ദ്രൻ ആരോപിച്ചു.