കേരളം
കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പണിയാകും; അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തില്‍
കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത, ബാങ്കില്‍ വലിയ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അന്വേഷിക്കുന്നത്.
ബാങ്കില്‍ വലിയ നിക്ഷേപമുള്ള ട്രസ്റ്റുകള്‍, അസോസിയേഷനുകള്‍, സൊസൈറ്റികള്‍, ക്ലബുകള്‍ തുടങ്ങിയവയുടെ അക്കൗണ്ടുകളാണ് പ്രധാനമായി അന്വേഷിക്കുന്നത്. ഇതിന് പുറമേ കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത വലിയ നിക്ഷേപമുള്ള വ്യക്തിഗത അക്കൗണ്ടുകളും നിരീക്ഷണ പരിധിയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംശയം തോന്നി ചില അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനയില്‍ ചില അക്കൗണ്ടുകള്‍ കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടില്ല എന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ മാസത്തിനകം എല്ലാ അക്കൗണ്ടുകളും ‘കെവൈസി അപ്‌ഡേറ്റഡ്’ ആണ് എന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ കെവൈസി പ്രക്രിയ ലളിതമാക്കാന്‍ നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത പേരുകളില്‍ ഒരാള്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യുന്നത് തടയുന്നതിന് കെവൈസി നടപടി ശക്തമാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.