ദേശീയം
തമിഴ്‌നാട്ടില്‍ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ന്യൂനമര്‍ദ്ദം ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇതിന്റെ സ്വാധീനഫലമായി വരുന്ന അഞ്ചുദിവസം തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും പുതുച്ചേരിയിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ ശനിയാഴ്ച വരെ ചെന്നൈയിലും കാഞ്ചിപുരത്തും തിരുവാല്ലൂരും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും പരക്കെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരങ്ങളിലും, യാനം, രായലസീമയിലും വരുംദിവസങ്ങളില്‍ അതീതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആന്ധ്രയിലും തമിഴ്‌നാട്ടിലും പെയ്ത കനത്തമഴയില്‍ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിന്റെ അടിയിലായത്. ജനജീവിതം താറുമാറായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വീട്ടുകാരെയാണ് ഒഴിപ്പിച്ചത്.