ദേശീയം
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ഇതുവരെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.ഇത് നാളെ പുലര്‍ച്ചെ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.
ചെന്നൈ തീരത്തിന് 270 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് നിലവില്‍ തീവ്ര ന്യൂനമര്‍ദ്ദം ഉള്ളത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ചെന്നൈ ഉള്‍പ്പെടെ അഞ്ച് ജില്ലകള്‍ക്കായിരുന്നു നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോളത് 16 ആക്കി.
കാഞ്ചീപുരം, ചെങ്കല്‍പേട്ട്, റാണിപ്പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലും നല്ല മഴയുണ്ട്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും കാവേരി ഡല്‍റ്റ മേഖലയിലെ ജില്ലകളിലും മഴ തുടരുകയാണ്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
തീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി ആന്ധ്രയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കമുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പോണ്ടിച്ചേരിയിലും കനത്ത മഴ തുടരുകയാണ്.
നഗരത്തില്‍ പലമേഖലകളിലും ഇതിനോടകം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈ നഗരത്തിലും മറ്റ് തീരമേഖലകളിലും കഴിഞ്ഞയാഴ്ച പെയ്ത തീവ്രമഴ സൃഷ്ടിച്ചവെള്ളക്കെട്ട് ദുരിതം തീരുംമുമ്ബാണ് വീണ്ടും മഴ ഭീഷണി.