ദേശീയം
വരാനിരിക്കുന്നത് ശക്തമായ മഴയും ഇടിമിന്നലും; ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് മുന്നറിയിപ്പ്
കർണാടക സംസ്ഥാനത്തിന്റെ ഹൃദയ നഗരമായ ബെംഗളുരുവിൽ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ബെംഗളുരു നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസങ്ങളിലും ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, ബെംഗളുരു റൂറൽ, ചിക് ബല്ലാപുര, കോലാർ, മണ്ഡ്യ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്ക് മുമ്പേ പെയ്ത ശക്തമായ മഴയെ തുടർന്ന് ബെംഗളൂരുവിൽ മാത്രം രണ്ട് പേരാണ് മരിച്ചത്. നിരവധി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും അടക്കം വെള്ളം കയറി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ രണ്ട് ദിവസത്തിനകം പരമാവധി പൂർത്തിയാക്കാൻ നിർദേശം നൽകിയതായി നഗരവികസന വകുപ്പ് മന്ത്രി കൂടിയായ ഡി കെ ശിവകുമാർ വ്യക്തമാക്കി.