ദേശീയം
കോവിഡ് പ്രതിരോധ വാക്‌സിന്‍; എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാവരും പ്രതിരോധ കുത്തിവെയ്‌പ്പെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. എല്ലാക്കാര്യങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറയുണ്ട്. ശാസ്ത്രീയമായി നോക്കുമ്പോള്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യകതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സംഘം വിദഗ്ധരുടേയും ആരോഗ്യ വകുപ്പിലെ ജീവനക്കാരുടേയും കൂട്ടായ കഠിന പ്രയത്‌നത്തിന്റേയും പരീക്ഷണങ്ങളുടേയും ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം മാത്രമല്ല പരിഗണിക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കേണ്ടതായുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. അതേസമയം ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം 10 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കോവിഡ് നിരക്കുകളില്‍ 39 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ചത്തെ കോവിഡ് കേസുകളുടെ എണ്ണം മാത്രം 40,000 ന് അടുത്ത് എത്തിയതും ആശങ്കയുയര്‍ത്തുന്നുണ്ട്. 39,726 പുതിയ കേസുകളാണ് വ്യാഴാഴ്ച മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിധിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 മരണങ്ങളും റിപ്പോർട്ട് ചെയ്തു.