ദേശീയം
കോവിഡ് വാക്‌സിൻ നിർമാതാക്കളെ ലക്ഷ്യമിട്ട് ഹാക്കിങ് സംഘങ്ങൾ
കോവിഡ് വാക്സിന്‍ നിര്‍മാതാക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്.
കോവിഡ് വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്.
റഷ്യയിലെയും ഉത്തര കൊറിയയിലെയും വിവിധ ഹാക്കിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ തങ്ങള്‍ക്ക് തടയാനായെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് (കസ്റ്റമര്‍ സെക്യൂരിറ്റി ആന്‍ഡ് ട്രസ്റ്റ്) ടോം ബര്‍ട്ട് പറഞ്ഞു.
റഷ്യയിലെ സ്ട്രോണ്‍ടിയം അഥവാ ഫാന്‍സി ബിയര്‍, ഉത്തരകൊറിയയിലെ സിന്‍ക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളെ ലക്ഷ്യമിടുന്നത്.
ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുമായി ബന്ധമുള്ളവരാണിവര്‍. പാസ് വേര്‍ഡ് സ്പ്രേയിങ്ങിലൂടെ ലോഗിന്‍ വിവരങ്ങള്‍ കവരാനാണ് ഫാന്‍സി ബിയറിന്റെ ശ്രമം. റിക്രൂട്ടര്‍മാരെന്ന വ്യാജേന ഇ-മെയിലുകള്‍ അയച്ച് ഫിഷിങ്ങിലൂടെയാണ് സിന്‍ക് സൈബര്‍ ആക്രമണം നടത്തുന്നത്.
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളെന്ന വ്യാജേന ഇ- മെയില്‍ വഴിയാണ് സെറിയം വാക്സിന്‍ ഗവേഷകരെ ലക്ഷ്യമിടുന്നത്. ഇത്തരം ഹാക്കിങ് ശ്രമങ്ങളെ മൈക്രോസോഫ്റ്റിന് തടയാനായെന്നും ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിന് ലക്ഷ്യമിട്ട കമ്പനികളെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും ടോം ബര്‍ട്ട് വ്യക്തമാക്കി.