ദേശീയം
കൊവിഡ് വ്യാപനം : നഗരങ്ങളിൽ നിന്നും അതിഥി തൊഴിലാളികൾ നാട്ടിലേക്ക്
കൊവിഡ് രുക്ഷമായതോടെ നിയന്ത്രണങ്ങളും ശക്താമാവുമെന്ന ഭീതിയിലാണ് വിവിധ നഗരങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ.
അപ്രതീക്ഷിത ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായേക്കാം എന്ന ഭീതിയാണ് ഇവരെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിക്കുന്നത്. വിവിധ നഗരങ്ങളിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ, ബസ് സർവീസുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികാളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗൺ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. ഇതോടെ മുംബൈ, പൂനെ, ചണ്ഡീഗഡ്, സൂറത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ, ബസ് മാർഗം വലിയ തോതിലുള്ള ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ നിന്നാണ് തൊഴിലാളികൾ കൂടുതലായും നാടുവിടുന്നത്.
മുംബൈ, പൂനെ ഉൾപ്പടെയുള്ള വിവിധ നഗരങ്ങളിൽ നിന്നും ബിഹാറിലേക്ക് പോകുന്ന ട്രെയിനുകളെല്ലാം അതിഥി തൊഴിലാളികൾ തിങ്ങിനിറഞ്ഞിരിക്കുകയാണെന്ന് ഈസ്റ്റ് – സെൻട്രൽ റെയിൽവേ വക്താവ് രാജേഷ് കുമാർ പറഞ്ഞു. എന്നാൽ ബിഹാറിലേക്ക് മടങ്ങുന്നവരെല്ലാം അതിഥി തൊഴിലാളികളാണോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.