കേരളം
എട്ടര കോടിയുടെ ജിഎസ്ടി തട്ടിപ്പ്; അമ്മ നാലു കോടി രൂപ പിഴയടക്കണം; നോട്ടീസ്
താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് അയച്ച് ജിഎസ്ടി. 8.34 കോടി രൂപ ജിഎസ്ടി ടേൺ ഓവർ മറച്ചുവെച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നോട്ടീസ്. നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ജിഎസ്ടി വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018-2022 കാലയളവിലെ അമ്മയുടെ അക്കൗണ്ടിലാണ് ക്രമക്കേട്.
2017ൽ ജിഎസ്ടി ആരംഭിച്ചിട്ടും അമ്മ രജിസ്ട്രേഷൻ എടുത്തത് 2022 ലാണ്. ജിഎസ്ടി വകുപ്പ് സമൺസ് നൽകിയ ശേഷമാണ് അമ്മ രജിസ്ട്രേഷൻ എടുക്കാൻ തയ്യാറായത്. ജിഎസ്ടി എടുക്കാതെ അമ്മ അഞ്ച് വർഷം ഇടപാടുകൾ നടത്തിയതായാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ.
ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സ്റ്റേജ് ഷോകളിൽ നിന്നടക്കം വരുമാനം നേടുന്നുണ്ട്. ഇക്കാര്യത്തിൽ അധിക്യതർക്ക് ഉടൻ മറുപടി നൽകുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു.