കേരളം
അന്വേഷണ ഏജന്‍സികളെ വഴിതെറ്റിച്ച് നിക്ഷേപ തട്ടിപ്പ്; ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രം
നൂറിലധികം ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോണ്‍ ആപ്പുകളില്‍ രാജ്യത്ത് നിരവധിപ്പേര്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നൂറിലധികം ചൈനീസ് നിക്ഷേപ തട്ടിപ്പ് വെബ്‌സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കടുത്ത നടപടിയുടെ ഭാഗമായി ഇത്തരത്തിലുള്ള സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര ഐടി മന്ത്രാലയത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അന്വേഷണത്തിലൂടെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ സൈറ്റുകളാണ് നിരോധിക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ ഈ സൈറ്റുകള്‍ നിരോധിതപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ നിരവധി അക്കൗണ്ടുകളുമായി ഈ വെബ്‌സൈറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അക്കൗണ്ടില്‍ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയിരുന്നത്.
തുടര്‍ന്ന് പണം ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റി തട്ടിയെടുക്കുന്ന രീതിയാണ് ഇത്തരം സൈറ്റുകള്‍ സ്വീകരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം സൈറ്റുകള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.