ദേശീയം
ഇന്നോവ ക്രിസ്റ്റയും ബൊലേറോയും അടക്കം 16 വാഹനങ്ങള്‍; വിജിലന്‍സിന് 67 ലക്ഷം ചെലവഴിച്ച് സര്‍ക്കാര്‍
സംസ്ഥാന വിജിലന്‍സിന് 67.26 ലക്ഷം രൂപക്ക് 16 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി. വിജിലന്‍സ് ഡയറക്ടറുടെ കത്ത് പരിഗണിച്ചാണ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 7 ന് വിജിലന്‍സ് വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങി.2 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, 4 മഹീന്ദ്ര ബൊലേറോ B6, 10 ഹോണ്ട ഷൈന്‍ ഡിസ്ക് BS6 എന്നീ വാഹനങ്ങള്‍ ആണ് വാങ്ങുന്നത്. വിജിലന്‍സ് വകുപ്പിന്റെ മോഡണസേഷന്‍ ശീര്‍ഷകത്തില്‍ നിന്നാണ് വാഹനം വാങ്ങാനുള്ള ചെലവ് വഹിക്കേണ്ടത്.
പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുവദിക്കില്ല എന്ന സര്‍ക്കാര്‍ ഇറക്കിയ ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആണ് വിജിലന്‍സ് വകുപ്പിന് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. വിജിലന്‍സിന്റെ ഉയര്‍ന്ന ഉദ്യോസ്ഥര്‍ക്ക് സഞ്ചരിക്കാനാണ് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത് എന്നാണ് സൂചന.
വിജിലന്‍സില്‍ നിലവില്‍ ഉപയോഗിച്ചിരുന്ന 18 വാഹനങ്ങള്‍ ഉപയോഗശൂന്യമായെന്നും ഇത് കേസ് അന്വേഷണങ്ങളെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 16 വാഹനങ്ങള്‍ വാങ്ങുന്നതിന് 67 ലക്ഷം രൂപ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ അപേക്ഷ. ഈ അപേക്ഷ അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേരത്തെ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചിരുന്നു.ഇതിലെ പ്രധാന നിര്‍ദ്ദേശം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം വാടകക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു. കഴിഞ്ഞ ബജറ്റിലെ ഈ പ്രഖ്യാപനത്തിനു ശേഷവും നിരവധി തവണ സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങി.