കേരളം
സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; കൂടുതൽ അന്വേഷണത്തിന് കേന്ദ്രം
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണക്കടത്ത്കേസിൽ കൂടുതൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും പുതിയ വിവാദങ്ങളിൽ കസ്റ്റംസും സ്വപ്നയിൽ നിന്ന് വിവരങ്ങൾ തേടും.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളാണ് സ്വർണക്കടത്ത് കേസിനെയും സ്വർണക്കടത്തിന്റെ മറവിലെ കള്ളപ്പണ ഇടപാടിനെയും വീണ്ടും ചൂട് പിടിപ്പിച്ചത്. ആരോപണങ്ങൾ അല്ലെന്നും കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ എല്ലാം വിശദമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കിയതോടെ ഇടയ്ക്ക് മന്ദഗതിയിലായ കേസ് അന്വേഷണം ഇ.ഡി.ഊർജിതമാക്കി. രഹസ്യ മൊഴി പകർപ്പ് കോടതിയിൽ നിന്ന് ലഭിച്ചാൽ ഉടൻ അത് മുൻനിർത്തി സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടും. തുടർന്നായിരിക്കും മുഖ്യമന്ത്രിയേയും കുടുംബത്തെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
കേസിലെ ഒന്നാം പ്രതി സരിത്ത് നൽകിയ മൊഴിയിലും മറന്നു വച്ച ബാഗിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. സ്വപ്നയുടെ മൊഴിയിലും സമാനമായ കാര്യം വന്നതോടെ അതിൽ കൂടുതൽ അന്വേഷണം നടക്കും. യുഎഇയിലേക്കു വിദേശ കറൻസി കടത്തിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ആരോപണത്തിൽ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു തെളിവു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കോൺസുലേറ്റിൽ നിന്ന് ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ടെന്നും . അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു എന്നുമുള്ള ആരോപണത്തിലാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത്. നിലവിൽ എൻ.ഐ.എയും, കസ്റ്റംസും മാത്രമാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. ഇ.ഡി.അന്വേഷണം ഇപ്പോഴും തുടരുകയാണ്.