ദേശീയം
ഡൽഹിക്ക് സമാന സാഹചര്യമുണ്ടാകും; ജനിതകമാറ്റം വന്ന വൈറസ് വ്യാപനമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75ശതമാനത്തിന് മുകളിൽ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധർ. ഏപ്രിൽ ആദ്യവാരം പുറത്തുവന്ന പഠന ഫലത്തിൽ 40ശതമാനം പേരിൽ ഈ വകഭേദം കണ്ടെത്തിയെങ്കിൽ മൂന്നാഴ്ച പിന്നിടുമ്പോൾ 75ശതമാനത്തിനുമേൽ എത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരാഴ്ച കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കാനാണ് സാധ്യത. വളരെയധികം കരുതലെടുത്തില്ലെങ്കിൽ ഡൽഹിക്ക് സമാന സാഹചര്യമുണ്ടാകുമെന്നാണ് പഠനം നടത്തിയ സംഘത്തിന്റെ മുന്നറിയിപ്പ്.
മൂന്നാഴ്ച മുൻപ് ഡൽഹിയിൽ കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്നാണ് കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച് പഠിച്ച വിദഗ്ധർ അവലോകന യോഗത്തിൽ വ്യക്തമാക്കിയത്. രോഗ വ്യാപനവും തീവ്രതയും കൈവിട്ടുപോയാൽ ആശുപത്രി കിടക്കകളും ഓക്സിജൻ , വെൻറിലേറ്റർ സംവിധാനങ്ങളും മതിയാകാത്ത സാഹചര്യം വരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്.
ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിൻറെ ഇന്ത്യൻ വേരിയൻറ് ബി വൺ 617 കേരളത്തിൽ 10 ജില്ലകളിൽ കണ്ടെത്തി. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആൻറ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതിതീവ്ര വ്യാപന ശേഷി, രോഗ തീവ്രത കൂട്ടുന്ന വകഭേദം – അതാണ് ഇന്ത്യൻ വേരിയൻറ് ബി വൺ 617. മഹാരാഷ്ട്രയെ ഉൾപ്പെടെ വിറപ്പിച്ച കൊറോണ വൈറസ് വകഭേദം. ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതി ഗുരുതര സാഹചര്യമെന്ന് വിദഗ്ധർ പറയുന്നു. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതൽ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനം . 15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തിൽ കൂടുതൽ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്. കാസർകോട്, എറണാകുളം, കണ്ണൂർ, കൊല്ലം, വയനാട് ജില്ലകളിലും ബി വൺ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.