ദേശീയം
രാജ്യത്ത് ഇന്ധനവില കൂട്ടി
നാലു മാസത്തിനു ശേഷം ഇതാദ്യമായി ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ‘മരവിപ്പിക്കപ്പെട്ട’ ഇന്ധന വിലയാണ് കൂടിയിരിക്കുന്നത്. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന.
137 ദിവസം അനക്കമില്ലാതിരുന്ന ഇന്ധനവിലയിലെ പുതിയ മാറ്റം മാർച്ച് 22നു രാവിലെ ആറു മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്‍ ഡീലർമാരെ അറിയിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് റെക്കോർഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയിൽ ഇന്ധനവില വർധിച്ചിരുന്നില്ല. റഷ്യ–യുക്രെയ്ൻ സംഘർഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. 2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.