ദേശീയം
മിത്രോണ്‍ മുതല്‍ മോജ് വരെ; നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകള്‍ക്ക് പകരക്കാരാകാന്‍ സ്വദേശി ആപ്പുകള്‍
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുമെന്ന കാരണത്താല്‍ ജനപ്രിയമായ ആപ്പുകളായ ടിക്-ടോക്ക്, പബ്ജി എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്.
ടിക്- ടോക്കിനും പബ്ജിക്കും പുറമെ, വാട്‌സ്‌ആപ്പിന് സമാനമായ മെസേജിംഗ് ആപ്ലിക്കേഷനായ വീചാറ്റും ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന ആപ്ലിക്കേഷനുകളുടെ പട്ടികയിലുണ്ട്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതോടെ സമാനമായ ആപ്പുകള്‍ വികസിപ്പക്കാനുള്ള അവസരമാണ് സ്വദേശി ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്ക് ലഭിച്ചത്. –
ഗ്രാമീണ ജനതയ്ക്ക് ഇടയില്‍ പോലും ജനപ്രിയമായി മാറിയ ചൈനീസ് ആപ്ലിക്കേഷനായിരുന്നു ടിക് ടോക്ക്. 15 സെക്കന്‍ഡുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യാനാണ് ആദ്യം ടിക് ടോക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആപ്പിന്റെ സ്വീകാര്യത കൂടിയതോടെ കമ്ബനി പിന്നീട് വീഡിയോയുടെ നീളം 60 സെക്കന്‍ഡായി ഉയര്‍ത്തി.
ചൈനീസ് ആപ്പ് നിരോധനത്തെത്തുടര്‍ന്ന്, പ്രാദേശികമായി വികസിപ്പിച്ച ആപ്ലിക്കേഷനുകളായ ജോഷ്, മിത്രോണ്‍, മോജ്, എം എക്സ് ടക് തക് എന്നിവ ടിക് ടോക്കിനറെ വിടവ് നികത്താന്‍ ശ്രമിച്ചു. നിരോധന സമയത്ത് ടിക്ക് ടോക്കിന് ഇന്ത്യയില്‍ 119 മില്യണ്‍ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ടിക് ടോക്ക് നിരോധിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം റീല്‍ ആരംഭിച്ചത്. അതിനാല്‍ നിരവധി ടിക് ടോക്കര്‍മാര്‍ ഇന്‍സ്റ്റഗ്രാം റീലിലേയ്ക്കും കളം മാറ്റി ചവിട്ടി.