കേരളം
18-59 പ്രായക്കാര്‍ക്കും കരുതല്‍ ഡോസ് സൗജന്യം, പ്രത്യേക വാക്‌സിനേഷന്‍ യജ്ഞവുമായി കേന്ദ്രസര്‍ക്കാര്‍
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കരുതല്‍ വാക്‌സിന്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക ഡ്രൈവ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 18-59 പ്രായപരിധിയില്‍ വരുന്നവര്‍ക്ക് സൗജന്യമായി കരുതല്‍ വാക്‌സിന്‍ നല്‍കാനാണ് പദ്ധതി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി കോവിഡില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. 75-ാം വാര്‍ഷികത്തില്‍ 75 ദിവസത്തെ പ്രത്യേക ഡ്രൈവ് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. ജൂലൈ 15 മുതല്‍ ഇത് ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
നിലവില്‍ കരുതല്‍ വാക്‌സിന്‍ എടുക്കുന്നതില്‍ ജനങ്ങളുടെ ഇടയില്‍ അലസതയുണ്ട്. 18-59 പ്രായപരിധിയില്‍ വരുന്ന 77 കോടി ജനങ്ങളില്‍ ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തരംഗത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
60 വയസ് കഴിഞ്ഞവരില്‍ 26 ശതമാനം പേര്‍ ഇതിനോടകം തന്നെ കരുതല്‍ ഡോസ് എടുത്തുകഴിഞ്ഞു. ഭൂരിപക്ഷം ജനങ്ങളും രണ്ടാമത്തെ ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞതായി ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്തിടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാമത്തെ ഡോസും കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള ഒന്‍പത് മാസത്തില്‍ നിന്ന് ആറുമാസമായി കുറച്ചിരുന്നു.