ആരോഗ്യം
സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കൂടി എത്തുന്നു
സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് വാക്സിൻ കൂടി എത്തുന്നു. തിരുവനന്തപുരത്ത് ഇന്ന് രാത്രി 2.5 ലക്ഷം കൊവിഷീൽഡ് വാക്സിൻ എത്തും. എറണാകുളം മേഖലയില്‍ 1.5 ലക്ഷം ഡോസ് വാക്സിന്‍ നിലവിൽ എത്തിയിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വാക്സിൻ നൽകിക്കൊണ്ട് നിലവിലെ ക്ഷാമം മറികടക്കാനാണ് തീരുമാനം.
അതേ സമയം കൊവിഡ് വാക്സിൻ എടുത്തവര്‍ സിഎംഡിആര്‍എഫിലേക്ക് ഇന്നലെ 22 ലക്ഷം രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരത്തിലുള്ള സംഭാവനകള്‍ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ സൗജന്യമല്ലെന്ന കേന്ദ്രനയത്തിൽ പ്രതിഷേധിച്ചാണ് സോഷ്യൽ മീഡിയയിൽ വാക്സിൻ ചലഞ്ച് ആരംഭിച്ചത്. കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിന്റെ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന വാക്സിൻ ചലഞ്ച് സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്.
ഇതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. കേരളത്തിൻ്റെ കൂട്ടായ്മയുടെ ശക്തി നാം ഇതിന് മുമ്പും തിരിച്ചറിഞ്ഞിട്ടുണ്ട്. വാക്സിൻ സൗജന്യമായി സ്വീകരിച്ച പലരും അതിനുള്ള പണം സിഎംഡിആർഫിലേക്ക് നൽകുന്നുണ്ട്. ഇതൊക്കെ ജനത്തിൻ്റെ ഇടപെടലും പിന്തുണയും കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
ഇന്ന് വൈകിട്ട് നാല് വരെ 22 ലക്ഷം രൂപയാണ് വാക്സിൻ എടുത്തവരിൽ നിന്നായി സിഎംഡിആർഎഫിലേക്ക് വന്നത്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാവും. ഇതിൻ്റെ മൂർത്തമായ രൂപം നാളെ ഒന്നൂടെ ചർച്ച ചെയ്ത് അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.