കേരളം
കുതിരാന്‍ തുരങ്കത്തിന് സമീപത്ത് കാട്ടാനശല്യം ; വൈദ്യുതി വേലിയുമായി വനംവകുപ്പ്
കുതിരാന്‍ തുരങ്കത്തിന് സമീപത്ത് കാട്ടാനശല്യം തടയാന്‍ വൈദ്യുതി വേലി സ്ഥാപിച്ച് വനംവകുപ്പ്. കുതിരാനിലെ തുരങ്ക നിർമാണം കഴിഞ്ഞ സാഹചര്യത്തിലാണ് കാട്ടാനകൾ നിത്യ സഞ്ചാരമാക്കിയ കുതിരാനിലെ പഴയ റോഡിനോട് ചേർന്ന വനപ്രദേശത്തിലാണ് വനം വകുപ്പ് വൈദ്യുതി വേലി സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങള്‍ ഇതുവഴി വരാതായതോടെ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പഴയ റോഡിലൂടെ യഥേഷ്ടം സഞ്ചരിച്ച് തുടങ്ങിയിരുന്നു.
ഇതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി. കുതിരാൻ അമ്പലം മുതൽ തുരങ്കത്തിന്റെ പടിഞ്ഞാറെ മുഖം വരെ 1.6 കിലോമീറ്റർ നീളത്തിലും 3 മീറ്റർ ഉയരത്തിലും തൂക്ക് ഫെൻസിങ് ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പീച്ചി, പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചുകൾക്ക് കീഴിൽ വരുന്ന ഭാഗമാണ് ഇത്. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ആണ് വൈദ്യുത വേലിയുടെ നിർമ്മാണ ചുമതല. 14 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.
നിലവിൽ വേലി വൈദ്യുതി ചാർജ് ചെയ്തു തുടങ്ങിയെങ്കിലും നൂറു മീറ്റർ ഭാഗം ഇപ്പോഴും ചാർജ് ചെയ്യാതെ ഇരിക്കുകയാണ്. പീച്ചി വനമേഖലയിൽ നിന്നും ആനത്താരയിലൂടെ ചിമ്മിനി വനമേഖലയിലേക്ക് കടന്നിട്ടുള്ള ആനകൾ തിരിച്ചു കയറുന്നതിനു വേണ്ടിയാണ് നടപടി. തൂക്ക് ഫെൻസിങ് ജില്ലയിൽ മുൻപ് ചാലക്കുടി ഡിവിഷന് കീഴിൽ കൊന്നക്കുഴി സ്റ്റേഷൻ പരിധിയിൽ മാത്രമേ സ്ഥാപിച്ചിട്ടുള്ളത്.