ദേശീയം
ഖാർകീവിൽ ഇനി ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ല; മുഴുവൻ ശ്രദ്ധയും സുമിയിലെന്ന് കേന്ദ്ര സർക്കാർ
യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ രക്ഷാദൗത്യം വേഗത്തിലാക്കി ഇന്ത്യ. സംഘർഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിൽ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രക്ഷാദൗത്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
‘പിസോചിൻ, ഖാർകീവ് എന്നിവിടങ്ങളിൽ നിന്ന് അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാവരേയും പുറത്ത് കടത്താൻ നമുക്ക് കഴിയും. അതോടെ ഖാർകീവിൽ ഇനി ആരും അവശേഷിക്കില്ല. ഇപ്പോൾ പ്രധാന ശ്രദ്ധ സുമിയിലാണ്. സംഘർഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയായി തുടരുന്നു. വെടി നിർത്തലായിരിക്കും ഏറ്റവും നല്ല മാർഗം’- വിദേശ മന്ത്രാലയ വാക്താവ് പറഞ്ഞു.
2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ള 15 വിമാനങ്ങൾ ഇന്ത്യയിലെത്തി. 13,300 ആളുകൾ ഇതുവരെ ഇന്ത്യയിൽ മടങ്ങി എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ 13 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേർത്തു.’സുമിയാണിപ്പോൾ പ്രധാന പ്രശ്‌നം. രണ്ട് പക്ഷങ്ങളോടും ഞങ്ങൾ വെടിനിർത്തൽ ശക്തമായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഷെല്ലാക്രമണം തുടരുന്നത് ജീവൻ അപകടത്തിലാക്കാം. ഇന്ത്യൻ വിദ്യാർത്ഥികൾ ക്യാമ്പസിൽ സുരക്ഷിതരാണ്. ഞങ്ങളുടെ സംഘം ഇപ്പോൾ കിഴക്കോട്ടേക്ക് നീങ്ങുന്നുണ്ട്. ഷെല്ലിങാണ് പ്രശ്‌നം’- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ മരിയൂപോളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി യുക്രൈൻ. അതിനാൽ ഇവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിർത്തിവയ്‌ക്കേണ്ടിവന്നെന്നും യുക്രൈൻ പറഞ്ഞു. ഉച്ചയ്ക്ക് 12.30 മുതൽ റഷ്യ മരിയുപോൾ, വോൾനോവാക്ക എന്നിവടങ്ങളിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാൻ വേണ്ടിയായിരുന്നു വെടിനിർത്തൽ. ലോക രാജ്യങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന കണക്കിലെടുത്താണ് തീരുമാനം. മരിയുപോളിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റേണ്ടതുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.