ദേശീയം
ആദ്യത്തെ പുനരുപയോഗ വിക്ഷേപണ വാഹനം; ഐഎസ്ആര്‍ഒയുടെ ‘പുഷ്പക്’ പരീക്ഷണം വിജയം
ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ആദ്യത്തെ സ്വദേശീയ വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ(പുഷ്പക്) പരീക്ഷണം വിജയം. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്.
ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാലര കിലോമീറ്റര്‍ ഉയരത്തില്‍ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാന്‍ഡ് ചെയ്തതായും പരീക്ഷണം വിജയിച്ചയായും ഐഎസ്ആഒ അറിയിച്ചു. പുഷ്പകിന്റെ രണ്ടാം ലാന്‍ഡിങ്ങാണ് പൂര്‍ത്തിയായത്.കഴിഞ്ഞ തവണ നേരെ റണ്‍വേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്, ഇത്തവണ അല്‍പ്പം വശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്. ദിശ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ മാറ്റം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആര്‍എല്‍വി ലാന്‍ഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം.
അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാന്‍ഡിങ് പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെയാണ് യഥാര്‍ത്ഥ അഗ്‌നിപരീക്ഷ. പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും.