Covid 19
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; രാജ്യത്ത് ആദ്യം
കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി സര്‍ക്കാരിന്റെ സ്ഥിരീകരണം. 68 വയസുകാരനാണ് മരിച്ചത്. അലര്‍ജി സംബന്ധമായ അനാഫലൈക്‌സ് രോഗത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
വാക്‌സിന്‍ സ്വീകരിച്ച ശേഷം 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒരാളുടെ മരണം മാത്രമാണ് സര്‍ക്കാര്‍ സമിതി സ്ഥിരികരിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇയാള്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അനാഫലൈക്‌സ് രോഗത്തെ തുടര്‍ന്ന് അയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് അയാള്‍ അസുഖബാധിതനായതെന്നും എഇഎഫ്‌ഐ ചെയര്‍പേഴ്‌സണ്‍ എന്‍കെ ആറോറ പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇത് അംഗീകരിച്ചില്ല. ഒരാള്‍ മാത്രമാണ് മരിച്ചതെന്ന് സമിതി വ്യക്തമാക്കി. ജനുവരി 16നും 19നും വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ട് പേര്‍ക്ക് അനാഫലൈക്‌സ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവര്‍ രോഗമുക്തരായതായും സമിതി കണ്ടെത്തി.
31 മരണങ്ങളാണ് കമ്മറ്റി പരിശോധിച്ചത്. 18 മരണങ്ങള്‍ വാക്‌സിനുമായി ബന്ധപ്പെട്ടല്ലെന്നും 7മരണങ്ങള്‍ സംബന്ധിച്ച് അനനിശ്ചിതത്വം തുടരുകയാണെന്നും രണ്ട് മരണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സമിതി വ്യക്തമാക്കി.