ദേശീയം
മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 2000; കര്‍ശന നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍
കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ചട്ട് പൂജയ്ക്ക് ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ പരിശോധനയിലും പ്രതിരോധത്തിലും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം സര്‍വ്വ കക്ഷി യോഗത്തില്‍ ആരോപിച്ചു. രാഷ്ട്രീയം കളിക്കാനുള്ള നേരമല്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് പൂര്‍ണ ശ്രദ്ധയെന്നും കെജ്രിവാള്‍ മറുപടി നല്‍കി.
വരും ദിവസങ്ങളില്‍ 1400 ഐ.സി.യു ബെഡുകള്‍ സജ്ജമാക്കുമെന്നും പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടികള്‍ നിര്‍ദേശം നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
നേരത്തെ ഡല്‍ഹി ഹൈക്കോടതിയും കെജ്രിവാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം.
കോടതി ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഉണരുന്നതെന്നും ഡല്‍ഹി ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.