ദേശീയം
സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തും മധുലികയും ഇനി ഓർമ,
രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഇനി ഓർമ. ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയുംസംസ്കാരച്ചടങ്ങുകൾ സമ്പൂർണസൈനിക ബഹുമതികളോടെ, ദില്ലി ബ്രാർ സ്ക്വയറിൽ നടന്നു. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.
17 ഗൺ സല്യൂട്ട് നൽകി, സമ്പൂർണ്ണ സൈനിക ബഹുമതികളോടെ മൂന്ന് സേനകളും സംയുക്തമായി ജനറൽ ബിപിൻ റാവത്തെന്ന സംയുക്ത സൈനിക മേധാവിക്ക് വീരോചിതമായ വിട നൽകി. 800 സൈനികോദ്യോഗസ്ഥർ അണിനിരന്ന വളരെ വിപുലമായ അവസാനച്ചടങ്ങുകൾക്കൊടുവിൽ 4.45-നായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ എന്നീ മുദ്രാവാക്യങ്ങളോടെ വൻ ജനക്കൂട്ടവും ചടങ്ങിന് സാക്ഷികളായി.
മക്കളായ കൃതികയും, തരിണിയും മരുമകനും പേരക്കുട്ടിയും അടക്കമുള്ളവർ ജനറൽ ബിപിൻ റാവത്തിനും മധുലിക റാവത്തിനും അവസാനയാത്രാമൊഴിയേകാനെത്തിയത് കണ്ണീർക്കാഴ്ചയായി. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു സൈന്യം സംയുക്തസൈനികമേധാവിയ്ക്ക് 17 ഗൺസല്യൂട്ടുകളോടെ അന്ത്യാഭിവാദ്യം നൽകിയത്.
പൂക്കളാൽ അലംകൃതമായി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലികയുടെയും മൃതദേഹങ്ങളടങ്ങിയ പേടകങ്ങൾ വിലാപയാത്രയായി ദില്ലി ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് നീങ്ങിയപ്പോൾ ദേശീയപതാകയുമായി റോഡിനിരുവശത്തും ആയിരക്കണക്കിന് പേർ തടിച്ചുകൂടി. പുഷ്പവൃഷ്ടിയോടെ ആദരം നൽകിയാണ് ജനക്കൂട്ടം അവരെ യാത്രയാക്കിയത്. വാഹനവ്യൂഹത്തിന് കര, നാവിക, വ്യോമസേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വാദ്യങ്ങളോടെ അകമ്പടി സേവിച്ചു. മൂന്ന് സേനാ വിഭാഗങ്ങളിലേയും ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർക്കായിരുന്നു സംസ്കാര ചടങ്ങുകളുടെ ചുമതല.
ദില്ലിയിലെ ജനറൽ റാവത്തിന്‍റെ വസതിയിൽ രാവിലെ 11 മണിയോടെയാണ് പൊതുദർശനം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും അടക്കമുള്ള പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ആയിരക്കണക്കിന് ജനങ്ങളും വീട്ടിൽ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തി. പ്രതിരോധമന്ത്രി അടക്കമുള്ളവർക്ക് പുറമേ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, റാവത്തിന്‍റെ ജന്മദേശമായ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി പി എസ് ധാമി എന്നിവരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.