ദേശീയം
ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാരം ഇന്ന്
കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് രാജ്യം. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും മധുലികയ്ക്കും ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടക്കുക.
ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ രാവിലെ 11 മുതൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങൾക്കും 1.30 വരെ സേനാംഗങ്ങൾക്കുമായിരിക്കും പൊതുദർശനം. സർവസൈന്യാധിപൻ കൂടിയായ രാഷ്ട്രപതി റാം നാഥ് കോവിന്ദും അന്തിമോപചാരം അർപ്പിക്കും.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് പാലം വിമാനത്താവളത്തിൽ ജനറൽ ബിപിൻ റാവത്തിൻ്റെയും സഹപ്രവർത്തകരുടെയും മൃതദേഹം എത്തിച്ചത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ ഭാര്യ ഗീതിക, മകൾ ആഷ്ന എന്നിവരുൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
13 മൃതദേഹ പേടകങ്ങളിൽ 4 എണ്ണത്തിൽ മാത്രമായിരുന്നു പേരുകൾ ഉണ്ടായത്, ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലാൻസ് നായിക് വിവേക് കുമാർ. ഇവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ എ.പ്രദീപിന്റെയടക്കമുള്ള 9 മൃതദേഹ പേടകങ്ങൾ പേരുകളുണ്ടായില്ല.