ദേശീയം
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടൽ
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടലിലൂടെ പണം തട്ടിപ്പ്. ഒരു മാസത്തിനിടെ 1.09 കോടി രൂപയാണ് തട്ടിപ്പുകാർ 27000ത്തോളം ആളുകളെ കബളിപ്പിച്ച് തട്ടിയെടുത്തത്. സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി.
500 രൂപ തൊഴിൽ രജിസ്‌ട്രേഷൻ ഫീസായി അടച്ച ഒരു വ്യക്തി തുടർന്ന് ജോലിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ കഴിഞ്ഞ മാസം പോലീസിനെ സമീപിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. 100 മുതൽ 500 രൂപവരെയാണ് തട്ടിപ്പ് സംഘം രജിസ്‌ട്രേഷൻ ഫീസായി വാങ്ങിയിരുന്നത്.
അക്കൗണ്ടന്റുമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമേർ, നഴ്‌സ്, ആംബുലൻസ് ഡൈവർ തുടങ്ങിയ തസ്തികളിലേക്ക് 13000ത്തോളം ഒഴിവുകളിലേക്കാണ് വെബ്‌സൈറ്റുകളിലൂടെ രജിസ്‌ട്രേഷൻ ഫീസ് സ്വരൂപിച്ചത്. സർക്കാർ സ്വകാര്യ ഏജൻസികൾക്കായി ഓൺലൈൻ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്തുന്ന ഒരു കേന്ദ്രം തട്ടിപ്പ് നടത്തുന്നവർ നിയമപരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഹരിയാനയിലെ ഹിസാർ ജില്ലയിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്കാണ് ആളുകൾ രജിസ്‌ട്രേഷൻ ഫീസായ് നൽകുന്ന പണം എത്തിയിരുന്നത്. ഓരോ ദിവസവും വന്ന് ചേരുന്ന പണം അന്നു തന്നെ പിൻവലിക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ ഒരു എടിഎം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാനായതെന്ന് ഡൽഹി പോലീസ് പറഞ്ഞു.