കേരളം
വ്യാജ സർട്ടിഫിക്കറ്റ് കേസ്: ഏജൻസി ഉടമ പിടിയിൽ
എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് എംകോം പ്രവേശനത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ ഏജൻസി ഉടമ പൊലീസ് പിടിയിൽ. പാലാരിവട്ടം സിവിൽലൈൻ റോഡിനു സമീപം പ്രവർത്തിച്ചിരുന്ന ഓറിയോൺ എജ്യു വിങ്സ് ഉടമ തിരുവനന്തപുരം സ്വദേശി സജു എസ്. ശശിധരനെയാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. നിഖിൽ തോമസ് ഒന്നാം പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കഴിഞ്ഞ ദിവസമാണ് സജുവിനെ പൊലീസ് പ്രതി ചേർത്തത്. ഓറിയോൺ എജ്യു വിങ്സ് ഏജൻസി വഴി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം അബിൻ രാജാണ് രണ്ടാം പ്രതി.
മാൾട്ടയിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്തു പലരിൽ നിന്നും പണം തട്ടി കേസിൽ സജു ശശിധരൻ മുൻപ് അറസ്റ്റിലായിട്ടുണ്ട്. ഇതേ ഏജൻസി വഴിയായിരുന്നു വീസ തട്ടിപ്പും. ആദ്യത്തെ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സജുവിനെ പാലാരിവട്ടത്തുവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേ സമയം നിഖിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതു നീട്ടണമെന്നാവശ്യപ്പെട്ടു പൊലീസ് ഇന്ന് കായംകുളം മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും. റിമാൻഡിൽ കഴിയുന്ന അബിൻ രാജിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടും പൊലീസ് അപേക്ഷ നൽകും. നിഖിലിനെയും അബിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം.