കേരളം
വ്യാജ സർട്ടിഫിക്കറ്റ് പരാതി; അൻസിൽ ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിൽ കെ.എസ്.യു കൺവീനർ അൻസിൽ ജലീലിനെതിരെ കേസ്. കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. വ്യാജരേഖാ നിർമാണവും വഞ്ചനയും ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. അൻസിലിൻറേത് എന്ന പേരിൽ ബികോം സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെയും പത്രവാർത്തകളുടെയും അടിസ്ഥാനത്തിലാണ് സർവകലാശാല പരാതി നൽകിയത്. എന്നാൽ തന്റേതല്ല സർട്ടിഫിക്കറ്റെന്നും അത് പ്രചരിക്കുന്നതിന് പിന്നിൽ ഗൂഡാലോചനയെന്നുമാണ് അൻസിലിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് കെഎസ്‌യു സംസ്ഥാന കൺവീനറായിരുന്ന അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവ്വകലാശാല കണ്ടെത്തിയത്. പരീക്ഷാ കൺട്രോളർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് സർവ്വകലാശാലാ രജിസ്ട്രാർ ഡിജിപി അനിൽകാന്തിന് പരാതി നൽകി.
അൻസിൽ ജലീലിനെതിരായ ആരോപണങ്ങൾൾ തള്ളി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തിയിരുന്നു. അൻസിൽ ജലീലിന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണ്. കേരള സർവ്വകലാശാല വ്യാജമാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കെഎസ്‌യു പറഞ്ഞിരുന്നുവെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിരുന്നു.