ദേശീയം
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; കോവിഡ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി നീട്ടി
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകള്‍ക്കിടെ, കോവിഡ് ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പ്പന കാലാവധി നീട്ടി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. പോളിസികളുടെ വില്പനയുടെയും പുതുക്കലിന്റെയും കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടാനാണ് അനുമതി നല്‍കിയത്. ഈമാസം 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്.
കഴിഞ്ഞ ജൂണിലാണ് കോവിഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചത്. ജൂലായില്‍ ‘കൊറോണ കവച്’, ‘കൊറോണ രക്ഷക്’ പോളിസികള്‍ കമ്പനികള്‍ വിപണിയിലെത്തിച്ചു. 18-65 വയസുള്ളവര്‍ക്കാണ് പോളിസി എടുക്കാനാവുക. ജനുവരി വരെയുള്ള കണക്കുപ്രകാരം 1,000 കോടി രൂപ മതിക്കുന്ന 1.28 കോടി സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
മൂന്നര, ആറര, ഒമ്പതരമാസക്കാലാവധികളാണ് പോളിസികള്‍ക്കുള്ളത്. ആശുപത്രി മുറിവാടക, നഴ്സിംഗ്, ഐസിയു, ഡോക്ടര്‍ ഫീ, കണ്‍സള്‍ട്ടന്റ് ഫീസ്, പിപിഇ കിറ്റ്, ഗ്ളൗസ് ചെലവുകളും വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലന്‍സ് ചെലവും ഉള്‍പ്പെടുത്താവുന്ന തരത്തിലാണ് പോളിസികള്‍ ഇറക്കിയത്.
അതേസമയം രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുകയാണ്. ഇന്നലെ 60,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 59,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,18,46,652 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 257 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,60,949 ആയി ഉയര്‍ന്നു. നിലവില്‍ 4,21,066 പേരാണ് ചികിത്സയില്‍ കഴിയുന്നത്.