ദേശീയം
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഹംഗറി വഴി തിരിച്ചെത്തിക്കും
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി തിരികെ നാട്ടിലെത്തിക്കാൻ ശ്രമം. ഹംഗറി- യുക്രൈൻ അതിർത്തിയായ സോഹന്യയിലേക്ക് എംബസി അധികൃതർ നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഹംഗറി സർക്കാരുമായി ചേർന്നാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. 18,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്.
ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നു നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. യുക്രൈൻ വ്യോമപാത അടച്ചിട്ടതിനാൽ ആ മാർഗം അടഞ്ഞിരിക്കുകയാണ്. ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.
ഇന്ത്യയുടെ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കും. സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അതിനുള്ള അടിയന്തര നടപടികൾ ആസൂത്രണം ചെയ്യുകയാണ്. അവിടെയുള്ള മലയാളി വിദ്യാർത്ഥികളുമായി താൻ ഫോണിൽ നേരിട്ട് സംസാരിച്ചു. കിഴക്കൻ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതേ സമയം പടിഞ്ഞാറൻ പ്രദേശത്തുള്ളവർക്ക് അത്ര ആശങ്കയില്ല. കേന്ദ്ര വിദേശകാര്യമന്ത്രിയും മന്ത്രാലയവും നിരന്തരമായി ഇടപെടുന്നുണ്ട്. ഇന്ത്യൻ എംബസിയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്രം സദാ സന്നദ്ധരാണ്. വിദ്യാർഥികളും രക്ഷിതാക്കളും പരിഭ്രാന്തരാവരുതെന്നും യുദ്ധമുഖത്ത് നിന്ന് മുൻപും ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിച്ചുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര ബദൽ സംവിധാനങ്ങൾ ഒരുക്കുകയാണ്. യുെ്രെകനിൽ നിന്നും ഇന്ത്യൻ എംബസി പുറപ്പെടുവിച്ചതനുസരിച്ച് ഇൻസ്റ്റഗ്രാം എംഇഎ ട്വിറ്റർ, എഫ്ബി പേജുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും ടെലിഫോണിനെ മാത്രം ആശ്രയിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.