ദേശീയം
ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ആസാമിലും മികച്ച പോളിംഗ്
ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ശക്തമായ പോളിംഗ്. ബംഗാളില്‍ 79.79 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആസാമില്‍ 72.14 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി.
ബംഗാളില്‍ 30 മണ്ഡലങ്ങളിലും ആസാമില്‍ 47 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ് നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാവിലെ ഏഴുമുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഇത്തവണ പോളിംഗ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിരുന്നു.
ബംഗാളില്‍ ചില സ്ഥലങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഈസ്റ്റ് മിഡ്നാപുര് ജില്ലയിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഈസ്റ്റ് മിഡ്നാപുരിലെ ഭഗപന്പുര് മണ്ഡലത്തില്‍ ബോംബേറും വെടിവയ്പുമുണ്ടായി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ആസാമില്‍ ഇന്ന് വോട്ടെടുപ്പ് നടന്ന 47 മണ്ഡലങ്ങളില്‍ 38 എണ്ണം തേയിലത്തോട്ടം മേഖലയിലാണ്. ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലാണു മറ്റു രണ്ടു ഘട്ടങ്ങള്‍. 126 മണ്ഡലങ്ങളാണ് ആസാമിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ആസാമില്‍ മാത്രമാണു ഭരണത്തുടര്‍ച്ച തേടി ബിജെപി വോട്ടര്‍മാരെ സമീപിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ 86 സീറ്റുകള്‍ നേടിയാണു ബിജെപി അധികാരത്തിലെത്തിയത്. ബംഗാളില്‍ എട്ടു ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ്.