ദേശീയം
‘അനാവശ്യ യാത്രകൾ വേണ്ട ; യുക്രൈനിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ്
യുക്രൈനിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. റഷ്യ യുദ്ധം കടുപ്പിച്ച സാഹചര്യത്തിലാണ് എംബസി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. യുക്രൈൻ സർക്കാരും തദ്ദേശ ഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
ഇന്ത്യൻ പൗരൻമാർ താമസ സ്ഥലമടക്കമുള്ള പൂർണ വിവരങ്ങൾ എംബസിയെ അറിയിക്കണം. യുക്രൈനിലേക്കും യുക്രൈനിനികത്തും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
അതിനിടെ യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 24പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം തുടങ്ങിയതിന് ശേഷം നാല് മാസമായി യുക്രൈന്‍ തലസ്ഥാനത്ത് അക്രമം നടത്താതിരിക്കുകയായിരുന്നു റഷ്യ. എന്നാല്‍ ക്രിമിയയും റഷ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍പ്പാലം സ്‌ഫോടനത്തില്‍ തകര്‍ന്നതിന് പിന്നാലെ, കീവ് ഉള്‍പ്പെടെയുള്ള പ്രധാന യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കി. യുക്രൈനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.
ശനിയാഴ്ച രാത്രി മുതലാണ് കീവില്‍ ആക്രമണം ആരംഭിച്ചത്. ചരിത്രപരമായ പഴയ കീവ് നഗരം സ്ഥിതി ചെയ്യുന്ന ഷെവ്‌ചെങ്കൊ ജില്ലയില്‍ സ്‌ഫോടനങ്ങളുണ്ടായി. സെന്‍ട്രല്‍ കീവിലെ കീവ് നാഷണല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപവും സ്‌ഫോടനമുണ്ടായി.
ഊര്‍ജ മേഖലയും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചാണ് റഷ്യന്‍ ആക്രമണം നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമ മേഖലയിലെ നഗരമായ ലിവിവിലും സ്‌ഫോടനം നടന്നതായാണ് വിവരം. ആക്രണം ശക്തമായ കിഴക്കന്‍ മേഖലയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ അഭയം തേടിയിരിക്കുന്നത് ലിവിവിലാണ്. ഖാര്‍കീവ്, ടെര്‍ണോപില്‍ തുടങ്ങിയ നഗരങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.