ദേശീയം
നാടിനെ നടുക്കി വീണ്ടും പടക്ക ദുരന്തം; പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് എട്ട് പേർ
തമിഴ്നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. 24 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സേട്ടൂരിനടുത്തുള്ള അച്ചൻകുളം ഗ്രാമത്തിലാണ് സംഭവം.
ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് തീപിടിത്തമുണ്ടായത്. തുടർ സ്ഫോടനങ്ങൾ കുറേ സമയത്തേക്ക് തുടർന്നതിനാൽ ഫയർഫോഴ്സിനും പൊലീസിന് ആദ്യം സംഭവ സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സാത്തൂർ, ശിവകാശി, വെമ്പകോൈട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഭവ സ്ഥലത്തേക്ക് എത്തി. പടക്ക നിർമാണം നടത്തുന്ന നാല് കെട്ടിടങ്ങളെങ്കിലും തകർന്നുവെന്നാണ് നിഗമനം.
ശ്രീ മാരിയമ്മാൾ ഫയർ വർക്ക്സ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. എട്ട് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 24 പേരെ വിരുദനഗർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഉരസിയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.