ദേശീയം
അസമില്‍ ഭൂചലനം; 10 പേര്‍ക്കു പരിക്ക്, പലയിടത്തും നാശനഷ്ടം
വടക്കുകിഴക്കന്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് അസമിലുണ്ടായ ഭൂചലനത്തില്‍ 10 പേര്‍ക്കു പരിക്കേറ്റു. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദേശീയ ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് അസമിലെ തേജ്പൂരിലെ സോണിത്പൂരിലാണ് ഭൂകമ്പം ഉണ്ടായതെങ്കിലും സംസ്ഥാനത്തും വടക്കന്‍ ബംഗാളിലും വടക്കുകിഴക്കന്‍ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
നാല് ജില്ലകളില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി അസം ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ആദ്യത്തെ ഭൂചലനം രാവിലെ 8.03നാണുണ്ടായത്. തുടര്‍ന്ന് രാവിലെ 8.13, രാവിലെ 8.25, 8.44 എന്നിങ്ങനെ 4.7, 4, രണ്ട് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റീജ്യനല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍(ആര്‍എംസി) ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ഓനെല്‍ ഷാ പറഞ്ഞു.
ഭൂകമ്പത്തില്‍ ഉണ്ടായ നാശത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി സംസാരിക്കുകയും കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുകയും ചെയ്തു. അസമിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
മേഖലയിലെ നിരവധി റോഡുകള്‍ക്ക് വിള്ളലുണ്ടാവുകയും ഗതാഗതത്തെ ബാധിക്കുകയും ചെയ്തു. പല പ്രദേശങ്ങളിലും വയലുകളിലേക്ക് വെള്ളം ഒഴുകിപ്പോയി. നാഗോണിലെ മഹാ മൃത്യുഞ്ജയ ക്ഷേത്രവും നിരവധി പള്ളികളും ഉള്‍പ്പെടെയുള്ളവയ്ക്ക് വിള്ളലുണ്ടായി. ഉഡല്‍ഗുരി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഭൈരബ്കുണ്ടയിലെ ഒരു കുന്നിന്‍ ചെരുവിന്റെ ഒരു ഭാഗം തകര്‍ന്നു.
ആളുകളെ സഹായിക്കുന്നതിനും ആശ്വാസം തേടുന്നതിനുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 1070, 1077, 1079 -ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചു. നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേന, അസം എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധര്‍ എന്നിവരുമായി ഏകോപിപ്പിച്ച് നടക്കുകയാണ്.