ദേശീയം
കശ്മീരിൽ വീണ്ടും ഡ്രോൺ; നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ സൈന്യം
കശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം. അന്താരാഷ്ട്ര അതിർത്തിയായ രൺബീർ സിംഗ് പുര സെക്ടറിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നിനിടെയാണ് ഡ്രോൺ അതിർത്തി രക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ ഡ്രോണിന് നേരെ സൈനികർ വെടിയുതിർത്തു. എന്നാൽ സൈനികർ വെടിയുതിർക്കാൻ ആരംഭിച്ചതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരിച്ചു പോയി.
പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം ഇടയ്ക്കിടെ ഡ്രോണുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് ആർ എസ് പുര സെക്ടർ മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് മറയുകയായിരുന്നു.
ഡ്രോണുകളുടെ സാന്നിദ്ധ്യം പതിവാകുന്ന സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ സുരക്ഷാ സേന നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്.