കേരളം
ഡോ. സ്വാതിയുമുണ്ട് നാസയുടെ സ്വപ്‌നത്തിന് പിന്നില്‍
ചുവന്ന ഗ്രഹത്തിന്റെ പുര്‍വ്വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ ബഹിരാകാശപേടകമായ പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങിയ അഭിമാന നിമിഷം പ്രഖ്യാപിച്ചത് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സ്വാതി മോഹനനാണ്.
കുട്ടിക്കാലത്ത് സ്റ്റാര്‍ ടെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തണമെന്ന് സ്വപ്‌നം കണ്ട പെണ്‍കുട്ടിയാണ് നാസയുടെ ഈ ദൗത്യത്തിന് പിന്നിലെ പ്രചോദനം. തന്റെ ദൃഢനിശ്ചയം പിന്തുടര്‍ന്ന് ശാസ്ത്രജ്ഞയായി നാസയിലെത്തിയ സ്വാതി, ഏഴുകൊല്ലം മുമ്ബാണ് ചൊവ്വാദൗത്യപദ്ധതിയില്‍ അംഗമായത്.
പെര്‍സിവിയറന്‍സിന്റെ ലാന്‍ഡിംഗ് സംവിധാനത്തിനാവശ്യമായി മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നല്കിയത് സ്വാതിമോഹനനാണ്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോള്‍ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജി.എന്‍. ആന്റ് സി സബസിസ്റ്റവുമായുള്ള ഏകോപനം നടത്തിയത് ഈ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ യുവശാസ്ത്രജ്ഞയാണ്.
Also read: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സെവറന്‍സ് ലക്ഷ്യത്തിൽ
ഒരു വയസ് പ്രായമുള്ളപ്പോഴാണ് സ്വാതിക്കൊപ്പം കുടുംബം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ഒമ്ബത് വയസ് പ്രായമുള്ളപ്പോഴാണ് സ്റ്റാര്‍ ടെക്‌സ് സീരീസില്‍ സ്വാതിക്ക് അതിയായ താല്പര്യം ജനിച്ചത്. ബഹിരാകാശത്തേയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെക്കുറിച്ചുമൊക്കെ കൗതുകം ജനിച്ചത് ആ പ്രായത്തിലാണ്. കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ ആന്റ് എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് എയറോട്ടിക്‌സില്‍ ബിരാദാനന്തരബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.
ശിശുരോഗവിദഗ്ദയാവാനുള്ള സ്വാതിയുടെ ആദ്യതാത്പര്യം പാടെ ഇല്ലാതാക്കിയത് ഭൗതികശാസ്ത്രത്തിന്റെ ആദ്യ ക്ലാസും ഫിസിക്‌സ് അധ്യാപികയുമായിരുന്നു. സ്റ്റാര്‍ടെക് സീരീസ് ഈ താല്പര്യത്തെ ഊര്‍ജ്ജിതപ്പെടുത്തി. പഠനത്തിന് എഞ്ചിനിയറിംഗ് മേഖല തിരഞ്ഞെടുക്കാമെന്ന് സ്വാതി തീരുമാനിച്ചു.
നാസയുടെ വിവിധ ദൗത്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ചൊവ്വയില്‍ ജീവന്‍ തേടിയുള്ള ബഹിരാകാശഗവേഷണകേന്ദ്രത്തിന്റെ ദൗത്യത്തിന് സ്വാതിമോഹന്‍ നേതൃത്വപങ്കാളിയാവുന്നത്. ചുവപ്പുരാശി പടര്‍ന്ന ചൊവ്വയുടെ ആകാശത്തിലൂടെ സഞ്ചരിച്ച് ചൊവ്വയുടെ ഉപരിതലത്തില്‍ വിജയകരമായി പെര്‍സിവിയറന്‍സ് ലാന്‍ഡ് ചെയ്തപ്പോള്‍ നാസയുടെ ശാസ്ത്രകേന്ദ്രത്തില്‍ മാത്രമല്ല ലോകമെങ്ങും ആഹ്ലാദം പടര്‍ത്തിയ പ്രഖ്യാപനം നടത്താനുളള നിയോഗവും ഡോക്ടര്‍ സ്വാതിമോഹനായിരുന്നു. നാസയുടെ ശനീഗ്രഹദൗത്യമായ കാസ്സിനിയിലും സ്വാതി അംഗമാണ്.