Uncategorized
രണ്ട് മാസം കിണറ്റിൽ കിടന്ന നായയ്ക്ക് ഒടുവിൽ രക്ഷ; ദുരിതക്കയത്തിൽ നിന്ന് മോചിപ്പിച്ചത് ഫയർ ഫോഴ്‌സ്
പട്ടിണിയും ദുരിതവുമായി രണ്ടുമാസത്തോളം കിണറ്റിൽ കിടന്ന നായ ഒടുവിൽ വെളിച്ചം കണ്ടു. ഫയർ ഫോഴ്‌സ് സിവിൽ ഡിഫൻസ് അംഗങ്ങളാണ് നായയെ പുറത്തെത്തിച്ചത്.
മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കളംകുന്ന് പ്രദേശത്ത് കോട്ടക്കകത്ത് ജിനു ജോസഫിന്റെ ഉടമസ്ഥയിലുള്ള പറമ്പിലെ കിണറ്റിലാണ് നായ അകപ്പെട്ടത്. ഉപയോഗശൂന്യവും ആൾമറയില്ലാത്തതുമായ കിണറ്റിൽ വീണ നായ സമീപത്തുള്ള തോട്ടത്തിലേതാണ്. എകദേശം രണ്ട് മാസത്തോളമായി നായയെ കാണാതായിട്ട്. നായയുടെ രോദനം കേട്ട സമീപവാസികൾ പല പ്രാവശ്യം കിണറിനു സമീപത്തെത്തിയെങ്കിലും, കിണറിന്റെ പക്കിൽ കയറിക്കിടന്ന നായയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
നിലമ്പൂർ ഫയർ & റെസ്‌ക്യു സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഒ.കെ. അശോകന്റെ നിർദേശപ്രകാരം ഫയർ സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളെത്തിയാണ് നായയെ കണ്ടെത്തുന്നതും പുറത്തെടുക്കുന്നതും. സിവിൽ ഡിഫൻസ് അംഗങ്ങളായ അംഗങ്ങളായ ബിബിൻ പോൾ, ഷംസുദ്ദീൻ കൊളക്കാടൻ, ശഹബാൻ മമ്പാട്, പ്രകാശൻ.കെ, അബദുൽ മജീദ്, സഫീർ മാനു, ഉണ്ണിരാജൻ, നജുമുദ്ദീൻ.ടി, ആഷിഖ്.ടി.പി. എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.