ദേശീയം
‘നേരിട്ട് ഹാജരാകേണ്ട’; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം
മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ജാര്‍ഖണ്ഡ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടതില്ല. നേരത്തെ റാഞ്ചിയിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. പ്രദീപ് മോദിയാണ് കേസിലെ ഹര്‍ജിക്കാരന്‍.
നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധിസമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറഞ്ഞ ജസ്റ്റിസ് എസ് കെ ദ്വിവേദിയാണ് ചില ഉപാധികളോടെ, കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന ഇളവ് അനുവദിച്ചത്.
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ 2019ല്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ‘മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണ്’ എന്ന പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ്. കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതിയുടെ വിധിയില്‍ എംപിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഈ വിധി സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങിയത്.
അപകീര്‍ത്തി പരാമര്‍ശം സംബന്ധിച്ച് ജാര്‍ഖണ്ഡില്‍ മാത്രം മൂന്ന് കേസുകളാണ് രാഹുല്‍ ഗാന്ധി നേരിടുന്നത്. മോദി പരാമര്‍ശത്തിന്റെ പേരില്‍ റാഞ്ചിയിലുള്ളതാണ് ഇതില്‍ ഒരു കേസ്. അതേസമയം റാഞ്ചിയിലും ചൈബാസയിലും ഫയല്‍ ചെയ്ത മറ്റ് രണ്ട് കേസുകളും അമിത് ഷായ്ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ്.