ദേശീയം
ഹിജാബ് നിരോധനം ശരിവെച്ചും റദ്ദാക്കിയും ഭിന്നവിധി
ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതിയിൽ നിന്ന് ഭിന്നവിധി വന്നതോടെ കേസിലെ തീർപ്പ് ഇനിയും നീളും. ഡിവിഷൻ ബഞ്ചിലെ ജഡ്ജിമാരിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരോധനം ശരിവെച്ചപ്പോൾ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാൻഷു ധൂലിയ വിധി പ്രസ്താവം നടത്തി. തുടർന്നാണ് ഭിന്നവിധിയായതിനാൽ കേസ് ഇനി ഏത് ബഞ്ച് കേൾക്കണം എന്നതിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിന്റെ പരിഗണനയ്ക്ക് കേസ് റഫർ ചെയ്തത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിവിധ വിദ്യാർത്ഥികളും സംഘടനകളും അടക്കം നൽകിയ 25 ഹർജികളും തള്ളിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവെക്കുന്നതായി വിധി പ്രസ്താവം നടത്തിയത്. എന്നാൽ ഫെബ്രുവരി അഞ്ചിലെ ഹൈക്കോടതി വിധി റദ്ദാക്കുന്നുവെന്നും നിരോധനം നീക്കാൻ ഉത്തരവിടുന്നുമെന്നുമാണ് ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ വിധി. ചീഫ് ജസ്റ്റിസാണ് ഇനി കേസിന്റെ തുടർനടപടി ഏത് ബഞ്ചിന് വിടണം എന്നത് തീരുമാനിക്കുക.
25 ഹർജികൾ; പത്ത് ദിവസംനീണ്ട വാദംകേൾക്കൽ
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹർജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നത്. വിവിധ വിദ്യാർത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളും ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നത്.
ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹുഫേസ അഹമദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സൽമാൻ ഖുർഷിദ്, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ഹാരിസ് ബീരാൻ, സുൽഫിക്കർ അലി തുടങ്ങിയവർ ഹാജരായി. കർണാടക സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്, അഡ്വക്കേറ്റ് ജനറൽ പി കെ നവദഗി എന്നിവർ ഹാജരായി. പത്ത് ദിവസം വാദംകേൾക്കൽ നീണ്ടുനിന്നു.