കേരളം
നടിയെ ആക്രമിച്ച കേസ് ; മഞ്ജു വാര്യറേയും, കാവ്യ മാധാവന്റെ മാതാപിതാക്കളേയും വീണ്ടും വിസ്തരിക്കുന്നതിൽ എതിർപ്പുമായി ദിലീപ്
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ദിലീപ്. തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് സിപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദിലീപ് പറഞ്ഞു. കാവ്യാമാധവന്റെ മാതാപിതാക്കളെ വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് പ്രകടിപ്പിച്ചു. സമയബന്ധിതമായി വിചാരണ പൂർത്തിയായില്ലെങ്കിൽ വ്യക്തിപരമായി വലിയ നഷ്ടങ്ങൾക്ക് ഇരയാകുമെന്ന് ദിലീപ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികൾ തീർപ്പാക്കാനായി കേസ് 17-ാം തിയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അതിന് മുന്നോടിയായി രണ്ട് ദിവസത്തിനകം സത്യവാങഅമൂലം സമർപ്പിക്കാനും തന്റെ വാദങ്ങൾ കോടതിയെ അറിയിക്കാനും കോടതി ദിലീപിന് അവസരം നൽകിയിരുന്നു. ഇത് പ്രകാരമാണ് ദിലീപ് സത്യവാങ്മൂലം സമർപ്പിച്ചത്.
പ്രോസിക്യൂഷനെ തെളിവുകളുടെ വിടവ് ബുദ്ധിമുട്ടിക്കുന്നതായി ദിലീപ് ചൂണ്ടിക്കാട്ടി. തെളിവുകളുടെ വിടവ് നികത്താൻ ആണ് പ്രോസിക്യൂഷന് ഇപ്പോൾ ശ്രമിക്കുന്നതെന്നും തെളിവുകൾ ഇല്ലാത്തതിനാൽ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായും ദിലീപ് പറഞ്ഞു. സാമാന്യനീതിയുടെ ലംഘനം തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നതായി ദിലീപ് ചൂണ്ടിക്കാട്ടി.