കേരളം
കേരളത്തെ വിറപ്പിച്ച് പനി; ആശങ്കയായി എലിപ്പനിയും ഡെങ്കിപ്പനിയും
സംസ്ഥാനത്ത് പനിക്കേസുകൾ പതിനായിരം കടക്കുന്ന എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളിൽ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്.
10,060 പേരാണ് കഴിഞ്ഞ ദിവസം പനി പിടിച്ച് കേരളത്തിലെ ആശുപത്രികളിലെ ഒപികളിൽ എത്തിയത്. 212 പേർക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. മഴയെത്തുമ്പഴേക്കും, ഇല്ലാത്ത രോഗങ്ങളില്ലെന്ന് പറയാം. സാധാരണ പനി പതിനായിരത്തിന് മുകളിലേറെ പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേർക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര്‍ മരിച്ചു.
അപകടകാരിയായ എലിപ്പനി ഏറെക്കുറെ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ മാസം നാൽപ്പത് പേർക്കാണ് എലിപ്പനി ബാധിച്ചത്. ഒരാൾ മരിച്ചു. ഈ വർഷം ഇതുവരെ 25 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പനികളിൽ നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ ജീവനെടുക്കുന്ന ഡെങ്കിപ്പനിയും എലിപ്പനിയുമാണ് വലിയ വില്ലൻ. ഡെങ്കിപ്പനി എണ്ണവും കൂടുതലാണ്. ഈ വർഷം ഇതുവരെ 2285 പേർക്ക് ഡെങ്കിപ്പനി ബാധിച്ചെന്ന് സ്ഥിരീകരിച്ചു. എലിപ്പനിയും കുറവല്ല. ഈ വർഷം ഇതുവരെ 425 പേർക്ക് എലിപ്പനി ബാധിച്ചു.
അതേസമയം, സംസ്ഥാനത്ത് എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെഎംഎസ്‍സിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.